Happy New Year 2020

സ്വപ്ന സാഫല്യമീ 2019

സ്വപ്ന സാഫല്യമീ 2019

കണക്കെടുപ്പിന് സമയമായോ? ഒരിക്കലുമില്ല. എങ്കിലും പറയട്ടെ….. ❤️❤️❤️❤️❤️ആരെങ്കിലും ഏറ്റവും ഇഷ്ടപ്പെട്ട വർഷം ഏതെന്ന് ചോദിച്ചാൽ ആവേശത്തോടെ എനിക്ക് പറയാൻ കഴിയും അത് 2019 തന്നെ. ഏറ്റവും ഇഷ്ടപ്പെട്ട ദശകം (decade ) എന്നാണെങ്കിൽ കഴിഞ്ഞ ദശകം തന്നെ (2010-2019).

കാരണം ബാല്യകാലം തൊട്ട് കൊണ്ട് നടന്ന പല സ്വപ്നങ്ങളും പൂവണിഞ്ഞ വസന്ത കാലമാണ് അതെനിക്ക്. മുപ്പതുകൾ കഴിഞ്ഞിട്ടും നടക്കാതെ പോയവ നടന്ന കാലഘട്ടം. അതിൽ ഏറ്റവും പ്രധാനം എൻ്റെ പ്രൊഫഷൻ തന്നെ. അതിന് അടിത്തറ പാകിയത് മനഃശാസ്ത്രത്തിൽ നേടിയ ബിരുദാനന്തര ബിരുദം. ഡിഗ്രി കഴിഞ്ഞു രണ്ടു പതിറ്റാണ്ടിനു ശേഷമാണ് അത് കൈവരിച്ചതെന്ന് ഓർക്കണം. കെട്ട്യോളും മക്കളുമൊക്കെ ആയപ്പോളാണോ പഠിക്കാൻ തോന്നിയത് എന്ന് പലരും ചോദിച്ചിരുന്നു. ആ പ്രചോദനത്തിനും ഒരു പാട് നന്ദി.

കവിതയും കഥയുമായി യുവജനോത്സവങ്ങളിൽ തിളങ്ങി നടന്ന ഹൈസ്ക്കൂൾ കാലത്ത് പുസ്തക രചയിതാവാകുന്നത് സ്വപ്നം കണ്ടിരുന്നു. അത് പുലർന്നത് ഈ നാല്പതുകളിലെ “യൗവ്വന” കാലത്ത്. അത് മാത്രമല്ല പ്രസിദ്ധീകരിക്കാൻ തയ്യാറെടുക്കുന്ന പുസ്തകങ്ങളുടെ കൈയെഴുത്ത് പ്രതികളാൽ സമ്പന്നമാണ് ഇന്നെന്റെ മേശപ്പുറം. ചില നല്ല ചിട്ടകൾ വന്നു ചേർന്നുവെന്ന് സാരം.

ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ മാറ്റം വരുത്തിയ ഒട്ടനവധി അറിവുകൾ കൊണ്ട് അനുഗ്രഹിച്ചതും ഇക്കാലയളവിൽ തന്നെ. ശരികൾ തെറ്റുകളായും തെറ്റുകൾ ശരികളായും മാറിയ തിരിച്ചറിവിന്റെ കാലം.

വിഷാദത്തിലും ഉൽക്കണ്ഠയിലും കഴിഞ്ഞ ഒരു പാട് പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ കഴിഞ്ഞ പുണ്യ കാലം. ഒട്ടനവധി വിദ്യാർത്ഥികൾക്ക് ദിശാബോധം നൽകിയത്, പ്രസംഗ പീഠത്തിൽ വാക്കുകൾ തപ്പി ഇടറി വീണവരെ ഉജ്ജ്വല വാഗ്മികളാക്കാൻ മാറ്റാൻ കഴിഞ്ഞത്… അങ്ങനെ അങ്ങനെ …

തളർന്നു പോകാവുന്ന ഘട്ടത്തിൽ ഐശ്വര്യമായി മനസ്സിൽ പെയ്തിറങ്ങിയ ചില കുളിരോർമ്മകൾ കൂടിയുണ്ട്. നന്മയുടെ കരുതലിൽ മുന്നോട്ട് പോകാൻ സഹായിച്ചവ. സൃഷ്ടാവിന് സ്തുതി.

ഇനി ഒന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും ഈ ശ്വാസത്തിൽ നന്ദിയുള്ളവനാകാൻ , തൃപ്തനാകാൻ കഴിയുമാറ് നമ്മെ വളർത്തുന്ന ദിവ്യ ശക്തി. ലക്ഷ്യങ്ങൾ തേടിയുള്ള ഓട്ടങ്ങൾക്കുമപ്പുറം താണ്ടാൻ ചിലതുണ്ട് എന്ന ഓർമ്മപ്പെടുത്തൽ. ധന്യമായിരുന്നു ഈ വസന്ത കാലം.

പ്രിയ സുഹൃത്തെ ഈ പ്രയാണത്തിൽ നേരിട്ടോ അല്ലാതെയോ നിങ്ങൾ ഓരോരുത്തരും എന്നെ സഹായിച്ചിട്ടുണ്ട്. ഹൃദയംഗമായ നന്ദി. താങ്കൾക്കും കുടുംബത്തിനും കൂടുതൽ ഐശ്വര്യപ്രദമായ ദിനങ്ങൾ സമ്മാനിക്കുന്ന പുതുവത്സരാശംസകൾ.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

പ്രവർത്തിക്കാൻ പ്രചോദനത്തിനായി കാത്തിരിക്കുന്നവരാണ് വിഡ്ഢികൾ!
— Asker Hassan, Director, RB TRainings

Write a comment